തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്.
ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്‌മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയൽ പരസ്യത്തിൽ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പർ നൽകി. ഫോണിൽ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളിൽ വച്ച് കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു.
വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. സുഹൃത്തിന്റെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിൻറെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടർന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിലുണ്ടായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേർന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിലാണ് 12 വിവാഹങ്ങൾ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തിയത്. ഇതിൽ ഒരുവിവാഹത്തിൽ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങൾ കഴിക്കാറുള്ളത്. വരനെക്കൊണ്ട് വിവാഹത്തിന് മുൻപുതന്നെ സ്വർണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതീയിരുന്നു ഇവരുടെ രീതി. തുടർന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. യുവതി നിരവധിപേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
