മുൻ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാൻസിലറുമായ കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സർക്കാർ നിയമിച്ചതിനെതിരെ രൂക്ഷമായി വിമർശിച്ച് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
ഈ മേഖലയിൽ സമൂഹം പ്രതീക്ഷിക്കുന്ന ആശയ സമരങ്ങളിൽ നിന്നും അനിവാര്യമായ മാറ്റങ്ങളിൽ നിന്നും സർക്കാരും പാർട്ടിയും പിന്തിരിയുന്നതിന്റെ പ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാൻ കഴിയു എന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കെ.ജയകുമാറിന്റെ നിയമനം യാഥാസ്ഥിതികർക്ക് സന്തോഷം നൽകുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നിയമനം ഈ മേഖലയിലെ യാഥാസ്ഥിതികർക്ക് സന്തോഷം നൽകുന്നതാണ്. ഉദ്യോഗസ്ഥ പ്രമുഖൻ എന്ന നിലയിലുള്ള ശബരിമലയിലെ അദ്ദേഹത്തിന്റെ മുൻകാല സേവനം ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിക്ക് ഗുണകരമാണ് എന്ന വിലയിരുത്തൽ ശരിയല്ല. ആധുനിക കാലത്തെ ആചാര,വിശ്വാസ പരിഷ്കരണങ്ങൾക്ക് പദവി ഉപയോഗിക്കുമെന്ന് കരുതാനാവില്ല. ഈ മേഖലയിൽ സമൂഹം പ്രതീക്ഷിക്കുന്ന ആശയ സമരങ്ങളിൽ നിന്നും അനിവാര്യമായ മാറ്റങ്ങളിൽ നിന്നും സർക്കാരും പാർട്ടിയും പിന്തിരിയുന്നതിന്റെ പ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാൻ കഴിയു.
അതെ സമയം ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സർക്കാർ നിയമിച്ച് ഉത്തരവിറക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ കൂടിയാണ് കെ ജയകുമാർ . കഴിഞ്ഞ ദിവസം തന്നെ സർക്കാരിന്റെ ഈ തീരുമാനം പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് കെ ജയകുമാറിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.

























