മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ചെന്നൈ സഞ്ജുവിനെ എത്തിക്കുന്നതിന്റെ ഭാഗമായി രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറും. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി.
നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 37കാരനായ ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻസി റെക്കോർഡുകൾ മോശമാണ്. 2002ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറി. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടറായ ജഡേജയെ ഒരിക്കൽ പോലും ക്യാപ്റ്റൻ സ്ഥാനം തേടിവന്നിട്ടുമില്ല.
രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന്‍ പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.


























