കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നു. സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയാൻ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
നേരത്തേ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരികെ നല്കാന് തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നുമാണ് മരട് പൊലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സൗബിന് ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ എതിർ സത്യവാങ്മൂലം.
സൗബിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നേരത്തെ നീട്ടിനൽകിയിരുന്നു. പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദസഞ്ചാരത്തിനായി കൊടൈക്കനാലിൽ എത്തുന്നതും അവിടെ അവർക്ക് നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
