ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധൻ രാത്രിയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ കാർ നിർമാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. ടാറ്റാ ട്രസ്റ്റ് ചെയര്‍മാനാണ്.
1961 മുതൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായാണ് തുടക്കം.1991 ൽ ജെആർഡി ടാറ്റയിൽ നിന്നും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ടാറ്റാഗ്രൂപ്പിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റസൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016 ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ഇടക്കാല ചെയർമാനായി വീണ്ടുമെത്തി.
2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.