ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു.
ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.
വോട്ടെടുപ്പിനൊടുവിൽ എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്ന ഭേദഗതിയും ഇതിൽ ഉൾപ്പെടുന്നു. ഭരണഘടന ഭേദഗതി അംഗീകരിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയിൽ എൻഡിഎക്ക് ഒറ്റക്ക് ബിൽ പാസാക്കാനാവില്ല.
ഒരു നേതാവ് ഒരു രാജ്യം ഒരു ആശയം എന്നതിന്റെ മറ്റൊരു വശമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് ഭരണഘടനക്കെതിരായ ബില്ലിലൂടെ കേന്ദ്രം നടത്തുന്നതെന്നും ധൈര്യമുണ്ടെങ്കിൽ ഭരണഘടനയ്ക്ക് എതിരാണെന്ന് തുറന്ന സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. ഏകാധിപത്യം കൊണ്ടു വരാനാണ് ബിജെപിയുടെ ശ്രമമെന്ന് സമാജ്‍വാദി പാർടി എംപി ധർമേന്ദ്ര യാദവ് പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പരിഷ്‍കരിക്കാനുള്ള ബില്ല് അല്ലെന്നും ഒരാളുടെ സ്വപ്നം മാത്രമാണെന്നും തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി പറഞ്ഞു. ഡിഎംകെയും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.