Connect with us

Hi, what are you looking for?

India

ബഹൻജിയും പ്രകാശ് അംബേദ്കറും

ഗാന്ധിയൻ – സോഷ്യലിസ്റ്റ് വാദികളുടെ മുൻവിധിയും: ഡോ.എം.ബി മനോജ് എഴുതുന്നു

ദേശീയരാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള രണ്ടുവ്യക്തിത്വങ്ങളാണ് ബഹൻജി മായാവതിയും പ്രകാശ് അംബേദ്കറും . എന്നാൽ മാറിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതാണ്ട് പൂർണമായും തെറ്റായവഴിയിലൂടെ സഞ്ചരിക്കുന്നവരാണ് ഇവർ. അതേസമയം അംബേദ്കേറിയൻ സാമൂഹ്യവിശകലനത്തിൻ്റെ സ്വതന്ത്രശബ്ദങ്ങൾക്ക് സ്വീകാര്യത നല്കേണ്ടതില്ല എന്ന ഗാന്ധിയൻ – സോഷ്യലിസ്റ്റ് വാദികളുടെ മുൻവിധിയും നമുക്ക് ചർച്ചചെയ്യാതെ പോവാനാവില്ല.

കോൺഗ്രസ് മുക്തഭാരത് എന്ന മുദ്രാവാക്യം:

കോൺഗ്രസ് മുക്തഭാരത് എന്ന മുദ്രാവാക്യത്തിന് നിശബ്ദ പിൻതുണ നൽകിയ നിരവധിപ്രസ്ഥാനങ്ങൾ രാജ്യത്തുണ്ട്. എന്നാൽ അവരോടൊന്നും പുലർത്താത്ത ശത്രുത അംബേദ്കറൈറ്റ് ബഹുജന രാഷ്ട്രീയത്തോട് ഇവർ പുലർത്തുന്നതെന്തുകൊണ്ട് . ഉദാഹരണത്തിന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട് രാഹുൽഗാന്ധിയോടുപോലും ശത്രുതാപരമായിരുന്നു. എന്നാൽ കേരളം കഴിഞ്ഞാൽ പ്രസ്തുത ശത്രുത പിൻവലിക്കപ്പെട്ടു. ഇതേ നിലപാട് മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിൻ്റെ വഞ്ചിത് ബഹുജൻ പാർട്ടിയോടും ഉത്തർപ്രദേശിൽ ബി.എസ്.പിയോടും സ്വീകരിക്കാത്തതെന്തുകൊണ്ടാണ്. അതിൻ്റെ പിന്നിലെ മനോഭാവം ജാതിബോധത്തിൻ്റേതാണൊ ? ദലിത് നേതൃത്വങ്ങൾക്കുമുന്നിൽ തലകുനിക്കേണ്ട എന്നതാണൊ ? അങ്ങനെയെങ്കിൽ ഇന്ത്യാമുന്നണിയുടെ യാത്ര ലക്ഷ്യത്തിൽനിന്നും ബഹുദൂരം അകലെയായിപ്പോയേക്കാം.

കേരളത്തിലെ മുൻ എം.പി.മാരുടെ SC/ST വികസനവിരോധം :

17-ാം ലോകസഭയിൽ കേരളത്തിൽ നിന്നും ജയിച്ചുപോയ 20 എം.പി.മാരിൽ 99 % പേരും കടുത്ത SC/ST വികസന വിരോധികളായിരുന്നു. ഇത് പറയുന്നത് ഭീംമിഷൻ എന്ന സംഘടനയ്ക്ക് ലഭിച്ച ചില വിവരാവകാശരേഖയുടെ അടിസ്ഥാനത്തിലാണ്. മലപ്പുറം എം.പി കുഞ്ഞാലിക്കുട്ടി, പൊന്നാനി എം.പി.ഇ.ടി. മുഹമ്മദ് ബഷീർ, തുടർന്ന് മലപ്പുറം എം.പി.യായ അബ്ദുൾ സമദ് സമദാനി തുടങ്ങിയ എം.പി.മാരെ മാറ്റി നിറുത്തിയാൽ ബഹുദ്ദരിപക്ഷം എം.പി.മാരും SC/ST ഫണ്ട് വിനിയോഗിക്കുന്നതിൽ വൻവീഴ്ച വരുത്തിയവരാണ്. ഇതിന് മുന്നണിഭേദമുണ്ടായിരുന്നില്ല. അതിൽ കോട്ടയം മുൻ എം.പി ജോസ് കെ. മാണി 0% തുകയാണ് SC/STഫണ്ട് തൻ്റെ മണ്ഡലത്തിൽ ചിലവാക്കിയത് എന്നാണ് വിവരാവകാശരേഖകൾ പറയുന്നത്. ഇതിൽ നിന്നും വ്യക്തമാകുന്നത് ദലിത് വിരുദ്ധതയുടെ മനോഭാവം ഈ ജനപ്രതിനിധികൾക്ക് സ്വാഭാവികമായി ഉണ്ടെന്നാണ്. ഇതിനർത്ഥം ഇവർ ദലിതരെയും ആദിവാസികളെയും ഉയർച്ചയുള്ളവരായി കാണുന്നില്ല എന്നാണൊ ?

ഏതാണ്ട് മുഖ്യധാരാ ഇന്ത്യൻ രാഷ്ട്രീയം അംബേദ്കറൈറ്റ് ജനതയെ കാണുന്നതിൻ്റെയും ട്രീറ്റ് ചെയ്യുന്നതിൻ്റെയും ഒരു മിനിയേച്ചറാണ് ഇത്. ഇത് അംബേദ്കറുടെ കാലത്തും പിന്നീട് കാൻഷിറാമിൻ്റെ കാലത്തും അതിനുശേഷം സമകാലത്തും തുടരുന്നു എന്നതാണ് വാസ്തവം. ഈയവസ്ഥയെ മറികടക്കേണ്ടതില്ലെ ?

ചന്ദ്രശേഖർ ആസാദിന് സീറ്റ് നൽകാതിരുന്നത് എന്തുകൊണ്ടാവാം :

ഈ തിരഞ്ഞെടുപ്പിൽ ഏറെ പരിവർത്തനം കൊണ്ടുവന്ന ഉത്തർപ്രദേശിൽ രൂപപ്പെട്ട രാഷ്ട്രീയ സഖ്യത്തിൽ നിന്നും ഇന്ത്യാമുന്നണി ബഹൻജി മായാവതിയെ മാറ്റിനിർത്തിയെന്നത് രാജ്യത്തുടനീളമുള്ള ഒബിസി – ദലിത് അകൽച്ചയുടെ ഭാഗമാണെന്ന് വ്യക്തം. ( കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ ദലിതരെ ആട്ടിയകറ്റുന്നതുപോലെ )എന്നാൽ ഇതേ മനോബോധത്താലാണൊ ചന്ദ്രശേഖർ ആസാദിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും ഇന്ത്യാസഖ്യം അകറ്റിനിറുത്തിയത്. ആസാദ് ഒരേ ഒരു സീറ്റു മാത്രമാണ് ചോദിച്ചത് എന്നും എന്നാൽ അതിനും വഴങ്ങാത്ത SP യുടെ നിലപാടിനെ രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ അംഗീകരിക്കുകയായിരുന്നു എന്നുമാണ് വാർത്തകൾ പറയുന്നത് . എന്നാൽ NDA , INDIA , BSP എന്നിവയെ മറികടന്നു കൊണ്ട് ഒന്നരലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചന്ദ്രശേഖർ ആസാദ് വിജയിക്കുകയായിരുന്നു . അതേസമയം അദ്ദേഹത്തെ മുന്നണിയുടെ ഭാഗമാക്കിയാൽ ഒരു പക്ഷെ കൂടുതൽ സീറ്റ് കിട്ടുവാൻ സാധ്യതയുണ്ടായിരുന്നു എന്നകാര്യം ചിന്തനീയമല്ലെ ? . എന്നാൽ നാളെകളിൽ ആസാദിനുമുന്നിൽ തലകുനിക്കേണ്ടിവരുമോ എന്നചോദ്യം ഒരു പക്ഷെ സമുദായരാഷ്ട്രീയത്തിൻ്റെ ചോദ്യങ്ങളായി ഉയർന്നുവന്നിട്ടുണ്ടാവാം.

ബഹൻജി മായാവതിയുടെ നിലപാടുകളിൽ പതിയിരിക്കുന്ന അരാഷ്ട്രീയ വഴികൾ:

ഒരു പക്ഷെ ശക്തമായ ഒരു പെർഫോർമെൻസ് ബഹൻജിയിൽ നിന്നും നമ്മൾ അവസാനമായി കണ്ടത് 2016 ൽ കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലാണ്. മുന്നണികളെ പരസ്പരം ചേർത്തുപിടിച്ച മൂന്നുസ്ത്രീകളെ അന്ന് നമുക്ക് വേദിയിൽ കാണാനായി . മായാവതി – സോണിയ – മമത എന്നിവരായിരുന്നു അവർ. എന്നാൽ ആ തവണത്തെ ദേശീയ തെരഞ്ഞെടുപ്പിൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ഇവർ ഭിന്നിച്ചുനിന്നു. അതിലൂടെ NDA വൻ വിജയം കരസ്ഥമാക്കുകയും ചെയ്തു. അതേസമയം കർണാടകത്തിലെ BSP പോലും ഛിന്നഭിന്നമായിപ്പോയി. ഇതേ അരാഷ്ട്രീയ നിലപാടുകളുടെ തുടർച്ചയിൽ നിന്നും ബഹൻജിക്ക് പിൻമാറാനാവുന്നില്ല. അതേസമയം അംബേദ്കറൈറ്റുകളായ സാധാരണക്കാർ ബഹൻജിയെ കൈവിട്ട് നടത്തിയ സ്വയം പ്രതിരോധമാണ് വോട്ടുകളായി ഇന്ത്യാ മുന്നണിയിലേയ്ക്ക് ഒഴുകിയത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 70% ദലിത് വോട്ട് രാജ്യത്ത് ഇന്ത്യാമുന്നണിയിലേക്ക് ഒഴുകുകയുണ്ടായി. അതുപോലെ മുസ്‌ലിംന്യൂനപക്ഷ, അതി പിന്നോക്ക വോട്ടുകളും ഇന്ത്യാമുന്നണിയിലേക്ക് ഒഴുകിയെത്തി.

വി.സി.കെ പാർട്ടിയെ ഇന്ത്യാമുന്നണി സ്വീകരിച്ചത് ദക്ഷിണേന്ത്യയിൽ ആയതുകൊണ്ടാണോ? :

17-ാം ലോകസഭയിലും 18-ാം ലോകസഭയിലും ഒരു അംബേദ്കറൈറ്റ് പാർട്ടി എന്നനിലയിൽ തങ്ങളുടെ സ്വാധീനം തെളിയിച്ച ഒരു പാർട്ടിയാണ് വി.സി.കെ. എന്നാൽ ഈ പാർട്ടി തമിഴ്നാട്ടിൽ DMK ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ VCK യുടെ അഭിപ്രായത്തിന് പ്രസക്തികൂടുന്നു. മാത്രവുമല്ല ഇന്ത്യാ മുന്നണി ചർച്ചയിൽ ആദ്യഘട്ടം മുതൽ VCK യുണ്ട് എന്നതും പ്രസക്തമായ കാര്യമാണ്. എന്നാൽ ഇതിനു സമാനമായി BSP , വഞ്ചിത് ബഹുജൻ , ഉൾപ്പെടുന്ന പല ദലിത് പാർട്ടികൾക്കും ഇത്തരത്തിൽ ഐക്യപ്പെടുവാനാവാതെ പോകുന്നു എന്നത് ഗാന്ധിയൻ – സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും അംബേദ്കറ്റ് പ്രസ്ഥാനങ്ങളും പുനർപരിശേധിക്കേണ്ട വസ്തുതയാണ്.

അത്മവിമർശനവും തെറ്റുതിരുത്തലുകളും ഭാവി ഇന്ത്യയ്ക്ക് ആവശ്യം:

ഭാവി ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ജാഗ്രത അതാവശ്യപ്പെടുന്നു. അതിന് ഏറ്റവും പ്രധാനമായി രൂപപ്പെടേണ്ടത് അത്മവിമർശനവും പരിഹാരപദ്ധതികളുമാണ്. അംബേദ്കറൈറ്റ് ബഹുജന പ്രസ്ഥാനങ്ങൾ സ്വയം അരിക്കുവല്കരിക്കാതെ മുഖ്യധാരകളെ രൂപപ്പെടുത്തേണ്ടതുണ്ട്. മാത്രവുമല്ല വി.സി.കെ പാർട്ടി രൂപപ്പെടുത്തിയ പോലെ ജനാധിപത്യ മതേതരപാർട്ടികളുമായി ഐക്യവും സഖ്യവും രൂപപ്പെടുത്തേണ്ടതും കാലത്തിൻ്റെ ആവശ്യമാണ്. അതുപോലെ അംബേദ്കറൈറ്റുകളുമായും അംബേദ്കറൈറ്റ് പാർട്ടികളുമായും ഐക്യവും സഖ്യവും രൂപപ്പെടുത്തേണ്ടത് ഗാന്ധിയൻ – സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ കർത്തവ്യമാണ് എന്ന തിരിച്ചറിവ് രൂപപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇന്ത്യാസഖ്യം മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും ന്യായത്തിൻ്റെയും നീതിയുടെയും പ്രാതിനിധ്യാവകാശങ്ങളുടെയും ഭാവി രൂപപ്പെടുകയുള്ളു. ഇതിലൂടെ മാത്രമേ ആത്യന്തികമായി ഇന്ത്യയുടെ ജനാധിപത്യ-മതേതര ഭരണഘടനയെ സംരക്ഷിക്കുവാൻ നമുക്ക് സാധിക്കുകയുള്ളു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

India

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ...