കണ്ണൂര്‍: ചിത്രലേഖ അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന്് ചികിത്സയിലായിരുന്നു. ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് ഭൗതികശരീരം 10.30ഓടെ പയ്യാമ്പലം കടപ്പുറത്തെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ
തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. വിവാഹശേഷം ലോണെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുമായി പയ്യന്നൂർ എടാട്ടിൽ ഓട്ടോ സ്റ്റാൻഡിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെവെച്ച് ജാതീയമായി അധിക്ഷേപം നേരിട്ടു. പിന്നീട് ഓട്ടോറിക്ഷക്കു നേരെ ആക്രമണമായി. 2005 ഡിസംബർ 30ന് ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. അന്നു മുതൽ സി.പി.എമ്മിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് പോരടിക്കുകയായിരുന്നു ഇവർ.
ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. ഇവിടെയുള്ള പുതിയ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് പുലർച്ചെയാണ് തീയിട്ടത്. സി.പി.എമ്മുകാരാണ് തീയിട്ടതെന്നാണ് അവർ ആരോപിച്ചത്. വളപട്ടണം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല.