കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കായല്‍സമ്മേളനം. പൊതുനിരത്തുകള്‍ അന്യമായിരുന്ന അഥവാ സഞ്ചരിക്കാന്‍ അവകാശം ഇല്ലാതിരുന്ന കീഴ്ജാതി സമൂഹങ്ങള്‍ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സാധ്യമാക്കിയ സമരങ്ങളില്‍ ഒന്നായ കായൽ സമ്മേളനത്തേയും അതിന് നേതൃത്വം കൊടുത്ത കൃഷ്ണാതി ആശാനെയും ചരിത്രം ബോധപൂര്‍വ്വം തമസ്കരിക്കാന്‍ ശ്രമിച്ചതായി കാണാം.
കല്ലച്ചാംമുറി ചാത്തന്റെയും കാളിയുടേയും ആറാമത്തെ മകനായി 1877 ഒക്ടോബർ 6 ന് കൃഷ്ണാതി ആശാൻ ജനിച്ചു. പഴയ കുന്നത്തുനാട്ടിലെ ഐക്കര യജമാൻ എന്നറിയപ്പെടുന്ന ചെറുമ രാജാവിന്റെ പിൻതലമുറക്കാരാണ് കല്ലച്ചം മുറിക്കാർ എന്നാണ് വിശ്വസിക്കപ്പെടുന്നത്. കല്ലച്ചം മുറിക്കാർ എന്നു വിളിക്കാൻ കാരണം ഇവർ കരിങ്കൽ പണിയിൽ പ്രഗല്ഭരായിരുന്നു. ഐക്കരനാട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ച കൊണ്ട് ഈ കുടുംബക്കാർ കൊച്ചിയിലേക്ക് കുടിയേറുകയായിരുന്നു. കരിങ്കൽപ്പണിയുടേയും കളരിപ്പയറ്റിന്റെയും ആശാനായതുകൊണ്ട് ആശാൻ എന്ന പേരിലാണ് കൃഷ്ണാതി അറിയപ്പെട്ടിരുന്നത്. മുളവുകാട് തൊട്ട് വടക്കൻ പറവൂർ വരെയുള്ള പുലയരിൽ വൻസ്വാധീനമുണ്ടായിരുന്ന കൃഷ്ണായിയുടെ പിതാവും മറ്റും ആ പ്രദേശം മുഴുവനും അടക്കി ഭരിക്കാൻ കഴിവുള്ളവരായിരുന്നു.
അക്കാലത്ത് പുലയർക്ക് എറണാകുളത്തുള്ള ദ്വീപുകളിൽ മാത്രമേ സഞ്ചാരസ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. ഈ മേഖലയിലുള്ള ഒട്ടേറെ ദ്വീപുകൾ പുലയർ തിട്ടകോരി നിർമ്മി ച്ചതാണ്. ആ പ്രദേശങ്ങളിൽ തിട്ടയിൽ’ എന്ന് പുലയർക്ക് വിട്ടുപേരുകൾ വന്നതിന് കാരണം ഇതാണ്. കരാറുപണിക്ക് വഞ്ചിയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കൃഷ്ണാതി യാത്രചെയ്യുമ്പോൾ പുലയർ അനുഭവിക്കുന്ന പീഡനങ്ങൾ നേരിട്ടറി യുകയും കാണുകയും ചെയ്തു.അത്യാവശ്യം സാമ്പത്തികശേഷിയുണ്ടായിരുന്ന കൃഷ്ണാതി തന്റെ സമ്പാദ്യം സമുദായ ത്തിനുവേണ്ടി വിനിയോഗിക്കാൻ തയ്യാറായി. ആദ്യമായി അദ്ദേഹം ദ്വീപു നിവാസികളായ പുലയയുവാക്കളെ അണിനിരത്തിക്കൊണ്ട് പുലയരുടെ ഒരു യോഗം കൂടാൻ തീരുമാനിച്ചു.
ഇതിലേക്കായി ജോലി കഴിഞ്ഞുള്ള സന്ധ്യ കളിൽ വള്ളങ്ങളിലിരുന്ന് കൂട്ടമായി പല ആലോചനായോഗങ്ങളും നടത്തി. പക്ഷേ, കരയിൽ അന്ന് സ്വാതന്ത്ര്യമില്ലായിരുന്നുവല്ലോ. അതിന് അദ്ദേഹം കണ്ടെത്തിയ വഴിയാണ് വള്ളങ്ങൾ കൂട്ടിക്കെട്ടി കായലിൽ യോഗം ചേരാൻ തീരുമാനിച്ചത്. അതു പ്രകാരം വള്ളങ്ങൾ സ്വന്തം ചെലവിൽ വാടകയ്ക്കെടുത്ത് ഇന്നത്തെ രാജേന്ദ്രമൈതാനത്തിനോടു ചേർന്നുള്ള കായൽ ഭാഗത്ത് ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി കൊച്ചിയിൽ ആദ്യമായി പുലയരുടെ സമ്മേളനം പണ്ഡിറ്റ് കറുപ്പന്റെ പിന്തുണയോടെ കൃഷ്ണാതി വിളിച്ചു കൂട്ടി. ചരിത്രത്തിൽ കായൽ സമ്മേളനം എന്ന പേരിൽ ആ സമ്മേളനം അറിയപ്പെട്ടു.
അക്കാലത്ത് എറണാകുളത്ത് കാർഷിക വ്യവസായിക പ്രദർശനം സംഘടിപ്പിച്ചപ്പോൾ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന പുലയരെ അങ്ങോട്ട് പ്രവേശിപ്പിച്ചിരുന്നില്ല. കൃഷ്ണാതി ആശാൻ കൊച്ചി രാജാവിന് നിവേദനം നൽകിയത് വഴിയാണ് അന്നുവരെ എറണാകുളത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന പുലയർക്ക് നഗരത്തിലേക്ക് പ്രവേശനം ലഭിക്കുന്നത്. തന്റെ സമൂഹത്തെ വിമോചിപ്പിച്ച് പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള ഏകഉപാധി സംഘടനയാണെന്ന് ബോദ്ധ്യപ്പെട്ട കൃഷ്ണാതി പണ്ഠിറ്റ് കുറുപ്പന്റെയും, ടി.കെ. കൃഷ്ണമേനോൻെയും സഹായ സഹകരണത്തോടെ 1913 മെയ് 25ന് എറണാകുളം സെന്റ് ആൽബർട്ട് ഹൈസ്ക്കൂളിൽ വച്ച് പുലയരുടെ ഒരു യോഗം വിളിച്ചുകൂട്ടുകയും യോഗത്തിൽ വച്ച് സമസ്ത കൊച്ചി പുലയ മഹാസഭയ്ക്ക് രൂപം കൊടുക്കയും ചെയ്തു. തുടർന്ന് കൃഷ്ണാതി ആശാൻ പ്രസിഡന്റായും വി സി ചഞ്ചൻ സെക്രട്ടറിയായും കൊച്ചി പുലയ മഹാസഭ നിലവിൽ വന്നു. സംഘടന ഒട്ടേറെ സാഹൂഹ്യ വിഷയങ്ങൾ ഏറ്റെടുക്കുകയും ചുരുങ്ങിയ കൊണ്ട് സമയം കൊച്ചിയിലെ അടിസ്ഥാന ജനതയുടെ ശബ്ദമായി മാറി. തന്റെ സബത്ത് കൃഷ്ണാതി സംഘടനയ്ക്ക് വേണ്ടി ചിലവഴിക്കുകയും സംഘടനയെ വളർത്തിയെടുക്കുന്നതിനും നിർണായക പങ്ക് വഹിച്ചു.
ഈ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് എഞ്ചിനീയർമാരുടെ നേതൃത്വ ത്തിൽ വെല്ലിങ്ങ്ടൺ ഐലൻഡിന്റെ നിർമാണം നടക്കുന്നത്.
ഐലന്റിന്റെ തറ കെട്ടിപ്പൊക്കുന്നതിന് ബ്രിട്ടീഷ് അധികാരികൾ കൃഷ്ണാതിയെയാണ് കോൺട്രാക്ടറായി ചുമതലപ്പെടുത്തിയത്.
1917-ൽ ഹിന്ദു മതത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ചു കൊണ്ട് കൃഷ്ണാതി കൃസ്തുമതം സ്വീകരിക്കുകയും. സി.കെ ജോൺ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ജാതി വ്യത്യാസമില്ലാത്ത കിസ്തുമതത്തിലേക്ക് നിരവധി പുലയ സമുദായാംഗങ്ങളെ അദ്ദേഹം മതംമാറ്റി. ആരാധനക്കായി മുളവുകാട്ടിൽ സെന്റ്ജോൺസ് എന്നറിയപ്പെടുന്ന പള്ളി കൃഷ്ണാതി കരിങ്കൽ കൊണ്ട് നിർമിച്ചു. കൃഷ്ണാതി ആശാന്റെ മതം മാറ്റം കൊച്ചിയിലെ പുലയർക്ക് തീരാനഷ്ടമായിരുന്നു. എന്നാൽ, ക്രിസ്തുമതവും ദളിതരെ ദളിതരായിത്തന്നെ കാണുന്നുവെന്നത് അദ്ദേഹത്തെ നിരാശനാക്കി. 1937-ൽ കൃഷ്ണാതിയാശാൻ അന്തരിച്ചു.
സെന്റ് ജോൺസ് ചർച്ച് മുളവ്കാട്
കൃഷ്ണാതിയാശാൻ കരിങ്കൽ കൊണ്ട് നിർമിച്ച ആദ്യ പള്ളി 2006 ൽ എറണാകുളത്തെ സബന്നമായ വ്യവസായി അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമയക്കായി പുനർ നിര്‍മിച്ചതോടെ കൃഷ്ണാതി ആശാന്റെതെന്ന് പറയാന്‍ അവസാനത്തെ ശേഷിപ്പുമില്ലാതായി.
കൃഷ്ണാതിയാശാൻ നിർമിച്ച പള്ളി ഇന്ന് സി.എസ്.ഐ സഭയ്ക്ക് കീഴിലാണിപ്പോൾ അതിപ്പോഴും പുലയപള്ളിയായി തന്നെ നിലനിൽക്കുകയും ചെയ്യുന്നു.