ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്.
ബന്ദികൾക്ക് പകരം വെടിനിർത്തൽ നിർദേശിക്കുന്ന കരാറിൽ മൂന്നുഘട്ടങ്ങളാണുള്ളത്. പ്രമേയം സ്വാഗതം ചെയ്യുന്നതായി ഹമാസ് പ്രതികരിച്ചെങ്കിലും ഗാസ നേതൃത്വം വെടിനിർത്തൽ കരാർ അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.
2024 മെയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് സമാധാനകരാർ മുന്നോട്ടുവച്ചത്. അതിനുപിന്നാലെ കരാറിന് യു എന്നിന്റെ അംഗീകാരവും അമേരിക്ക തേടിയിരുന്നു
ഇസ്രയേൽ സർക്കാരിന്റെ ഭാഗത്തുനിന്നും കരാർ സംബന്ധിച്ച തീരുമാനങ്ങളിൽ അവ്യക്തത തുടരുകയാണ്. അമേരിക്ക മുന്നോട്ടുവച്ച സമാധാനകരാർ ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിൽനിന്ന് അകലം പാലിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ഘടകകഷികളും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതേസമയം, കാലതാമസമില്ലാതെയും നിബന്ധനകളില്ലാതെയും കരാറിലെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്.