കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തൊഴിലാളികൾ തലേദിവസം ജോലി കഴിഞ്ഞു വന്ന ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നതിനാൽ പുലർച്ചെ ഉണ്ടായ അപകടം തിരിച്ചറിയാതിരുന്നത് മരണസംഖ്യ വർധിപ്പിച്ചതായാണ് കുവൈറ്റ് പോലീസിന്റെ കണ്ടെത്തൽ.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്ത അപകടത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.