മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്രമങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള ചർച്ചകളും രാജ്യതലസ്ഥാനത്തു പുരോഗമിക്കവെ സുരേഷ് ഗോപി ഡൽഹിയിലേക്ക്. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി പുറപ്പെട്ടു. വൈകിട്ട് 4 മണിയോടെ സുരേഷ് ഗോപി ഡൽഹിയിലെത്തും. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച
കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തീരുമാനം നരേന്ദ്രമോദിയുടേതാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഇതിനു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന അർപ്പിച്ചു