തിരുവനന്തപുരം: 38 ദിവസം പിന്നിടുകയാണ് തലസ്ഥാനത്ത് ആശാ പ്രവർത്തകർ നടത്തുന്ന സമരം. ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങുകയാണ് ആശാ പ്രവർത്തകർ. മന്ത്രി വീണാ ജോർജ് ഒന്നും കേൾക്കാൻ തയ്യാറായില്ലെന്ന് അവർ വിമർശിച്ചു.
എൻഎച്ച്എം മിഷൻ സംസ്ഥാന കോർഡിനേറ്ററുമായി ബുധനാഴ്ച ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാവാതെ പിരിഞ്ഞതിനുപിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുമായുള്ള ചർച്ച. വ്യാഴാഴ്ച മുതൽ നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു മന്ത്രിയുമായുള്ള ചർച്ച നടന്നത്. സ്വന്തം ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം ചർച്ചയ്ക്കിടെ മന്ത്രിയെ ബോധിപ്പിച്ചെന്ന് ആശാ പ്രവർത്തകർ പറഞ്ഞു.
സർക്കാരിനെ ഗൺ പോയിന്റിൽ നിർത്തി പൊടുന്നനെ വന്ന് 300 ശതമാനം വർധനയൊക്കെ ആവശ്യപ്പെട്ടാൽ എങ്ങനെ തരും? സർക്കാർ ഒപ്പമുണ്ട്. അടുത്തയാഴ്ച കേന്ദ്രത്തിൽ പോകുന്നുണ്ട്. ചർച്ച ചെയ്യാം, നിങ്ങൾ പോകണം. എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും ഇരുത്തുന്നതിൽ വിഷമമുണ്ടെന്നൊക്കെയാണ് മന്ത്രി പറയുന്നത്. സമരം നിർത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചത്. ഒരു രൂപയുടെ പോലും വർധനവില്ലാതെ, അതിനെക്കുറിച്ച് ചർച്ച ചെയ്യാതെ എങ്ങനെയാണ് തിരിച്ചുപോവുകയെന്ന് ഞങ്ങൾ ചോദിച്ചു. സർക്കാരിന്റെ പ്രാരാബ്ധത്തേക്കുറിച്ച് മന്ത്രി എപ്പോഴും പറയുന്നതും നമ്മൾ എപ്പോഴും കേൾക്കുന്ന കാര്യങ്ങൾ ആവർത്തിച്ചു എന്ന് മാത്രമേയുള്ളൂ.
ഇപ്പറഞ്ഞതിനപ്പുറം ഒരു ചർച്ചയേ നടക്കുന്നില്ല. എൻഎച്ച്എമ്മിന്റെ ഡയറക്ടറടക്കം ചർച്ചയ്ക്കുണ്ടായിരുന്നു. ആശമാരുടെ ഒരാവശ്യവും പരിഗണിച്ചില്ല. ചർച്ച നടത്തി എന്ന് വരുത്തുക മാത്രമായിരുന്നു സർക്കാരിന്റെ ഉദ്ദേശം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. മന്ത്രി വീണ്ടും ചർച്ചയ്ക്കുവിളിച്ച് ഇതിനൊരു പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ആശാ പ്രവർത്തകർ പറഞ്ഞു.
