സിനിമയുടെ മുതൽമുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തി നിർമ്മാതാക്കളുടെ സംഘടന. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്ന് സംഘടന പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ മറുപടി എത്തിയത്. ഈ വിഷയം മാധ്യമങ്ങളിലൂടെ ചർച്ചയായി മാറിയ സാഹചര്യത്തിൽ നിർമാതാക്കളുടെ സംഘടനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നു.
പ്രസ്താവനയുടെ പൂർണരൂപം.
‘മലയാള മനോരമ ദിനപത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ ശ്രീ. കുഞ്ചാക്കോ ബോബൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ റിലീസ് ചെയ്ത ചിത്രങ്ങളുടെ കണക്കിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചതായി കണ്ടു. അസോസിയേഷൻ പുറത്തുവിട്ട കണക്കിൽ ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ കളക്ഷൻ മാത്രമാണ് കാണിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ചിത്രമായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ അടക്കം അഞ്ചു ചിത്രങ്ങൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണെന്നും അതിൽ കാണിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും, സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും ഒപ്പിട്ട് തന്നിരിക്കുന്ന ബഡ്ജറ്റിൽ പറഞ്ഞ തുകയാണ് അസോസിയേഷൻ മുതൽമുടക്കായി പറയുന്നത്. തിയേറ്ററിൽ നിന്നും, വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വരുമാനകണക്ക് എടുത്താണ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്നത്.
ഹിറ്റാകുന്ന ചിത്രങ്ങൾ മാത്രമാണ് കേരളത്തിനു പുറത്തും, വിദേശരാജ്യങ്ങളിലും നല്ലരീതിയിൽ കളക്ഷൻ നേടുകയുള്ളൂ. OTT (ഡിജിറ്റൽ) സാറ്റ് കച്ചവടം നടക്കാത്ത ചിത്രങ്ങളാണ് ഞങ്ങൾ പുറത്തുവിട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ കൂടുതലും. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം റിലീസിനു മുൻപ് തന്നെ റൈറ്റ്സ് വിറ്റത് തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലും, വിദേശത്തും നല്ല രീതിയിൽ കളക്ഷൻ നേടുന്നുമുണ്ട്. ഓൺ ഡ്യൂട്ടി പരാജയമെന്ന് പറഞ്ഞിട്ടില്ല. ഇപ്പോഴും തിയേറ്ററിൽ ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ മുതൽമുടക്കുതന്നെ കേരളത്തിലെ തിയേറ്റർ കളക്ഷനിൽ നിന്ന് നേടിയേക്കാം.
ഈ ചിത്രം കൂടാതെ ‘ബ്രോമാൻസ്’, ‘പൈങ്കിളി’, ‘നാരായണിന്റെ മൂന്ന് ആൺമക്കൾ’ എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ സാറ്റലൈറ്റ് റൈറ്റ്സ് വിറ്റതായി അറിവുലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം വരുന്ന ചിത്രങ്ങളും കേരളത്തിലെ തിയേറ്റർ കളക്ഷൻ കൊണ്ടുമാത്രം തൃപ്തിപ്പെടേണ്ടിവരുന്നവയാണ്. ചിത്രങ്ങളുടെ മെറിറ്റും, ഡീമെറിറ്റും അസോസിയേഷൻ വിലയിരുത്തിയിട്ടല്ല കണക്ക് പുറത്തുവിട്ടത്. സിനിമയുടെ ബിസിനസ്സിനെ കുറിച്ചോ, നിലവിലെ ബിസിനസ്സ് സാധ്യതകളെ കുറിച്ചോ അറിയാതെ പണം മുടക്കി പാപ്പരാകുന്ന നിർമ്മാതാക്കളെ ബോധവൽക്കരിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.’
