‘വാസ്തവം’ സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് താനാണ് ഷൂട്ട് ചെയ്തത് എന്ന് വെളിപ്പെടുത്തി പൃത്ഥിരാജ്. ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്താണ് ഞാൻ ഫിലിംമേക്കിങ് പഠിച്ചത്. ഒരു ആക്‌ഷൻ ഡയറക്ടറെ നിയോഗിക്കാൻ കഴിയാത്ത സിനിമകളിൽ ആക്‌ഷൻ സീക്വൻസ് ഞാൻ ചെയ്തിരുന്നു. എന്റെ സംവിധായകർ എന്റെ ഈ താൽപര്യം തിരിച്ചറിഞ്ഞപ്പോൾ എന്നെ പ്രോത്സാഹിപ്പിച്ചു. പേരെടുത്തു പറയുകയാണെങ്കിൽ സംവിധായകൻ പദ്മകുമാർ. അദ്ദേഹത്തിന്റെ ആദ്യകാല സിനിമയായിരുന്നു ‘വർഗം’. 2006ലാണ് അത് റിലീസ് ചെയ്തത്.
ആ സിനിമയിലാണ് ഞാൻ ശരിക്കും ഒരു ആക്‌ഷൻ രംഗം
സംവിധാനം ചെയ്തത്. അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടമായതുകൊണ്ട് അടുത്ത സിനിമയുടെ ക്ലൈമാക്സ് എന്നെക്കൊണ്ടു തന്നെ ചെയ്യിപ്പിച്ചു. ‘വാസ്തവം’ സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് ഞാനാണ് ഷൂട്ട് ചെയ്തത്.പിന്നീടും പല സിനിമകളിലും ഞാൻ ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ആക്‌ഷൻ രംഗങ്ങളുടെ ഗ്രാമർ പഠിച്ചെടുത്തത്.
ആക്‌ഷൻ രംഗങ്ങളിൽ ഒരുപാട് കട്ടുകൾ വരും. ആ എഡിറ്റുകൾ മനസ്സിൽ കണ്ടു വേണം അതു ഷൂട്ട് ചെയ്യാൻ. ആ സമയത്ത് ഫിലിമിലാണ് ഷൂട്ട് ചെയ്തിരുന്നത്. അത് ചെലവേറിയ പരിപാടിയാണ്. കൃത്യമായ ആസൂത്രണമില്ലാതെ ഷൂട്ട് ചെയ്താൽ ഫിലിം റോൾ നഷ്ടമാകും. അതെല്ലാം കണക്കുകൂട്ടിയാണ് ഷൂട്ട് ചെയ്യുക.അങ്ങനെയാണ് ഞാൻ ഇതിന്റെ സാങ്കേതികത്വം പഠിച്ചെടുത്തത്. അതുകൊണ്ടു തന്നെ എനിക്ക് ആക്‌ഷൻ ഷൂട്ട്
ചെയ്യുന്നത് വളരെ ഇഷ്ടമാണ്
