ന്യൂഡല്‍ഹി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തുവന്നിരുന്നു. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിലെ വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
അതേസമയം, എമ്പുരാൻ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാൻ കഴിയണമെന്നു പ്രതികരിച്ച എം.ടി.രമേശിനെയും സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ ഗ്രൂപ്പുകൾ വിമർശിച്ചു. സിനിമയ്‌ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നതു വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും ബിജെപി കോർകമ്മിറ്റി നിലപാട് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയും ആർഎസ്എസിന്റെ ദക്ഷിണേന്ത്യാ വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു.
