ആലപ്പുഴ: നവോഥാനം പുറന്തള്ളിയ ജാതീയതയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും വർത്തമാന കാലത്ത് തിരിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കെ.പി.എം.എസ് 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജി ചെറിയാൻ.
ചാതുർവർണ്യ വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം പ്രവർത്തനങ്ങളെ ഒരുമിച്ചു നിന്നു പരാജയപ്പെടുത്തണം. ഇന്നത്തെ തലമുറയ്ക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അവഹേളനങ്ങളായിരുന്നു മുൻതലമുറ അനുഭവിച്ചത്. മഹാൻമാരായ സാമൂഹിക പരിഷ്‌കർത്താക്കളിലൂടെയാണ് പിന്നീട് മാറ്റം സാധ്യമായത്. വിഘടിച്ച് നിൽക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും ശക്തിയാർജിക്കാൻ കഴിയില്ലെന്നും സജിചെറിയാൻ പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന നഗറിൽ സ്ഥാപിക്കാനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്ന കൊടിമരം, പതാക, ദീപശിഖ എന്നിവ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഏറ്റുവാങ്ങി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. ആർ.വിജയകുമാർ പതാക ഉയർത്തി. ഖജാൻജി അഡ്വ. കെ.സനീഷ് കുമാർ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, അസിസ്റ്റന്റ് സെക്രട്ടറി പി.വി.ബാബു തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 5.30ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പി.എ.അജയഘോഷ് അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ മാരിസെൽവരാജ് വിശിഷ്ടാതിഥിയാകും. മന്ത്രി പി.പ്രസാദ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച്.സലാം, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ, നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും. നാളെ രാവിലെ 10.30ന് പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
