ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനാൽ ബീച്ചിൽ ബജിക്കടകളും ചെറിയ ഹോട്ടലുകളും തട്ടുകടകളും തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശം. ഇക്കാര്യം കാണിച്ച് മുഴുവൻ കടയുടമകൾക്കും പൊലീസ് ഇന്നലെ വൈകിട്ടോടെ നോട്ടിസ് നൽകി.
കെപിഎംഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനത്തിനാണ് ഇന്ന് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ചിൽ എത്തുന്നത്. വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് എത്തുമെന്നതിനാൽ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവടസ്ഥാപനം ഇന്ന് പൂർണമായി അടച്ചിടണം എന്നാണ് സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ നൽകിയ നോട്ടിസിലുള്ളത്. ബീച്ചിൽ 110ൽ ഏറെ കടകൾ പ്രവർത്തിക്കുന്നുണ്ട്. മുൻപ് പ്രമുഖ നേതാക്കൾ ബീച്ചിൽ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട്. അപ്പോഴൊന്നും സ്ഥാപനങ്ങൾ അടച്ചിടാൻ പറഞ്ഞിട്ടില്ലെന്നു സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.മനോജ് കുമാറും, ബീച്ച് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ് എം.കെ.നിസാറും പറഞ്ഞു.
