ആലപ്പുഴ: നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒരുമിച്ചുള്ള പോരാട്ടം വേണമെന്ന് മുഖ്യമന്തി പിണറായി വിജയൻ. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനു മുന്നിൽ എല്ലാ ഭേദചിന്തയും കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും നാടിനെ പഴയതിലേക്ക് തിരിച്ചുകൊണ്ട് പോകാനുള്ള നീക്കം നടക്കുമ്പോൾ അതിനെ ചെറുക്കാനുള്ള പൊതു യോജിപ്പ് വളർന്ന് വരണമെന്നും പിണറായി പറഞ്ഞു.
അതേസമയം, ജാതിസെൻസസ് നടത്തണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് തീരുമാനത്തെകുറിച്ച് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല. ആലപ്പുഴയിൽ നടക്കുന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സി.പി.എം പാർട്ടി കോൺഗ്രസ് എടുത്ത രണ്ട് തീരുമാനങ്ങളെ കെ.പി.എം.എസ് വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പറഞ്ഞു. അതിൽ ഒന്ന് സ്വകാര്യ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്നതാണ്. രണ്ടാമത്തേത് ജാതിസെൻസസ് നടപ്പാക്കണമെന്നതാണ്. ഇവ രണ്ടും കെ.പി.എം.എസ് ദീർഘകാലമായി ആവശ്യപ്പെടുന്നതാണെന്നും പുന്നല സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി സമ്മേളം ഉദ്ഘാടനം ചെയ്ത് ദീർഘമായി നടത്തിയ പ്രസംഗത്തിൽ പുന്നല പറഞ്ഞ മറ്റ് പല കാര്യങ്ങളെകുറിച്ചും സവിസ്തരം പരാമർശിച്ച കാതലായ ഈ രണ്ട്കാര്യങ്ങളെകുറിച്ച് മൗനം പാലിക്കുകയായിരുന്നു. അതെ സമയം ആശംസ പ്രസംഗത്തിൽ കൃഷി മന്ത്രി പി.പ്രസാദ് സ്വകാര്യ മേഖലയിലും സംവരണം എന്ന തീരുമാനത്തെ കേരളം കൈയടിച്ച് സ്വാഗതം ചെയ്യേണ്ടതാണെന്ന് കൂട്ടിചേർത്തു.
ആലപ്പുഴ കടപ്പുറത്തു നടന്ന സമ്മേളനത്തിൽ വൻ ജനാവലിയുണ്ടായിരുന്നു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് പി.ജെ. അജയഘോഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതം പറഞ്ഞു. മന്ത്രി പി. പ്രസാദ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, തമിഴ് സിനിമാ സംവിധായകൻ മാരി സെൽവരാജ് എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ചയാണ് സമ്മേളനം സമാപിക്കുന്നത്.
