സാങ്കേതിക തകരാർ മൂലം രാജ്യത്ത് യുപിഐ മുഖേനയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിലെ (യുപിഐ) തടസം ഫോൺപേ, പേടിഎം, ഗൂഗിൾ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകൾ പൂർത്തിയാക്കാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക തകരാന്‍ നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എൻപിസിഐ) സ്ഥിരീകരിച്ചിട്ടുണ്ട്. എൻപിസിഐ നിലവിൽ ഇടയ്ക്കിടെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും ഇത് ഭാഗികമായി യുപിഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എൻപിസിഐ പറഞ്ഞു.
രാജ്യത്താകമാനം ദൈനംദിന ഇടപാടുകള്‍ക്കായി ഇന്ന് ഒട്ടേറെ പേരാണ് യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 11.30 ഓടെയാണ് ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റൽ പേയ്‌മെന്റുകളില്‍ തടസം നേരിട്ടുതുടങ്ങിയത്. 76 ശതമാനം ഉപയോക്താക്കളും പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും 23 ശതമാനം പേർക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ലെന്നും ഡൗൺഡിറ്റക്ടർ വ്യക്തമാക്കുന്നു
