കൽപ്പറ്റ: പൊലീസ് സ്റ്റേഷനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. അമ്പലവയൽ സ്വദേശി ഗോകുലിനെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ എപ്രിൽ ഒന്നിന് ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയായ ഓമനയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ കോടതി പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മെയ് 18ന് ശേഷം വിശദമായി വാദം കേൾക്കും.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷനിൽ ജിഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തത്.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്റ് അതോറിറ്റി ചെയർമാനും കൽപ്പറ്റ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഫോറൻസിക് സർജൻമാരുടെ സംഘവും കൽപ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിച്ചത്. പെൺകുട്ടിയെ കാണാതായതിനുശേഷം പൊലീസ് പലതവണ വീട്ടിലെത്തിയിരുന്നു. ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണി മുഴക്കിയിരുന്നു. ഗോകുലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. ഗോകുലിന്റെ അമ്മയെ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു.
