വനിതാ സിപിഒ സമരരംഗത്തുള്ള മൂന്നുപേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. മൊത്തം 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. വിവിധ വിഭാഗങ്ങിലായി 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം. അതേസമയം, അഡ്വൈസ് ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരും. റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19ന് അവസാനിരിക്കേയാണ് മൂന്ന് പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിക്കുന്നത്.
വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം 17ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 16ന് നടന്ന മന്ത്രിസഭായോഗത്തിലും പുതിയ നിയമനം സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിനു മുമ്പിൽ വെള്ളപുതച്ച് പ്രതീകാത്മക മൃതദേഹമായി കിടന്ന് റീത്ത് വെച്ച് കിടന്നും ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
വിവിധ വിഭാഗങ്ങളിൽ 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം നടത്താൻ തീരുമാനിച്ചത്. പോക്‌സോ വിഭാഗത്തിൽ വന്ന 28, പൊലീസ് അക്കാഡമിയിൽ നിന്നും വിവിധ സമയങ്ങളിൽ പോയ 13, ജോലിയിൽ പ്രവേശിക്കാത്ത നാലുപേർ എന്നിങ്ങനെ വന്ന ഒഴിവുകളിലാണ് നിയമനം. അതേസമയം, അഡ്വൈസ് മെമ്മോ ലഭിക്കാത്തവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധിക്കുകയാണ് ഇവർ. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർത്ഥികൾക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നതോടെ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.
