ന്യൂഡൽഹി: ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഷെയ്ഖ് ഹംദാന് ഊഷ്മള സ്വീകരണം നൽകി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. നരേന്ദ്ര മോദി ഷെയ്ഖ് ഹംദാന് വേണ്ടി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്.
