സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ എഡിറ്റർ അൽഫോൺസ് പുത്രനെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തന്റെ ആദ്യ എഡിറ്റർ അൽഫോൺസ് ആണെന്നും സിനിമക്കളെക്കുറിച്ച് ഒരുപാട് ഡിസ്കഷൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു.
‘എന്റെ വളരെ അടുത്ത സുഹൃത്താണ് അൽഫോൺസ് പുത്രൻ. ‘നാളൈ ഇയക്കുനറിൽ’ ഞാൻ ആദ്യമായി ഷോർട്ട് ഫിലിം എടുത്തപ്പോൾ ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുകയായിരുന്നു. നാളൈ ഇയക്കുനറിൽ എന്നെ സെലക്ട് ചെയ്ത ഷോർട്ട് ഫിലിം ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തത്. അവിടുന്നാണ് എന്നോട് പറയുന്നത് നിങ്ങൾ പ്രൊഫഷണലായി എഡിറ്ററിനെവെച്ച് ചെയ്യണമെന്ന്. അപ്പോൾ ഞാൻ ആദ്യം ചെന്നത് അൽഫോൺസിന്റെ എടുത്തേക്കാണ്. നാളൈ ഇയക്കുനര്‍ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അൽഫോൺസിനൊപ്പമാണ്. ഞങ്ങൾ ഒരുപാട് സിനിമാ ചർച്ചകൾ നടത്തിയിട്ടുണ്ട്. പിന്നീട് നേരം, പ്രേമം സിനിമകൾ ചെയ്ത് അൽഫോൺസ് ശ്രദ്ധ നേടി. വീണ്ടും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഇനിയും ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,’ കാർത്തിക് സുബ്ബരാജ് പറയുന്നു.
