ഓം, ജയിലർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ നടനാണ് ശിവരാജ് കുമാർ. സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ ജയിലറിലെ അദ്ദേഹത്തിന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ ജന്യ സംവിധാനം ചെയ്ത 45 എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള ശിവരാജ് കുമാർ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനായി നടൻ കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രസ് മീറ്റിൽ നടൻ പ്രതാപ് പോത്തനെക്കുറിച്ച് ശിവരാജ് കുമാർ പറഞ്ഞ വാക്കുകൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
പ്രമോഷൻ പരിപാടിക്കിടെ ആറാട്ട് അണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി മോഹൻലാലിനെ പോലെ മറ്റൊരു സ്വാഭാവിക അഭിനയം മലയാളത്തിൽ വേറെ ആരിലാണ് കണ്ടിട്ടുള്ളതെന്ന ചോദ്യത്തിന് ശിവരാജ് കുമാർ നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. മമ്മൂട്ടി, ഫഹദ് ഫാസിൽ,നെടുമുടി വേണു,തിലകൻ തുടങ്ങിയവരുടെ പേരുകൾ പ്രതീക്ഷിച്ചിരുന്ന ഓഡിയൻസിന് മുന്നിൽ ആരവം എന്ന ചിത്രത്തിലൂടെ സംവിധായകൻ ഭരതൻ പരിചയപ്പെടുത്തിയ പ്രതാപ് പോത്തനിലാണ് മോഹൻലാലിനെ പോലെ മെത്തേഡ് ആക്ടിംഗും അതെ പോലെ സ്വാഭാവിക അഭിനയവും കണ്ടിട്ടുള്ളത് എന്നാണ് ശിവരാജ് കുമാർ നൽകിയ മറുപടി.
മലയാളികൾ പ്രാതാപ് പോത്തനെ വേണ്ട വിധത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ നിര്‍ണ്ണായകസ്ഥാനമുള്ള കുളത്തുങ്കല്‍ പോത്തന്റെ മകന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന്‍. ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങളിലെ നായകന്‍. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്‌സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്‍. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്… അവസാനിക്കുന്നില്ല പ്രതാപ് പോത്തന്‍ എന്ന പ്രതിഭയുടെ വിശേഷണങ്ങള്‍.
കഥാപാത്രത്തിന്റെ പ്രകൃതം നടന്റേതുമായി സമാനമാകുക എന്നത് സിനിമയില്‍ വളരെ അപൂര്‍വമായിരിക്കും. അത്തരം അപൂര്‍വങ്ങളുടെ പ്രതീകമായിരുന്നു പലപ്പോഴും പ്രതാപ് പോത്തന്‍. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയത്തിലൂടെ സിനിമയിലേക്ക് വന്‍ തിരിച്ചു വരവ് നടത്തി. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലെ വേഷം ഉള്‍പ്പടെ ശ്രദ്ദിക്കപ്പെടുന്ന നിരവധി വേഷങ്ങള്‍ ചെയ്തു. തകരയും ചാമരവും കണ്ട് വിസ്മയിച്ച തലമുറയോടൊപ്പം പുതിയ തലമുറയെയും തന്റെ സ്വാഭാവികവും ആത്മാര്‍ഥവുമായ അഭിനയിത്തിലൂടെ പ്രതാപ് പോത്തന്‍ വീണ്ടും വിസ്മയിപ്പിച്ചു. സിനിമയില്‍ കൂടുതല്‍ സജീവമാകാനും സംവിധാനം ചെയ്യാനുമെല്ലാമുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് തന്റെ 69ാം വയസ്സില്‍ പ്രതാപ് പോത്തന്‍ വിടപറയുന്നത്.
