വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകർ ഏറെയാണ്. താരത്തിന്റെ ഷോകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ അടുത്തിടെയായി ലഹരി ഉപയോഗ കേസുകളും അതിക്രമങ്ങളും വർദ്ധിക്കുന്നതിനിടെ വേടൻ ഒരു പ്രോഗ്രാം വേദിയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ആരും സിത്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറയുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറയുന്നു.
“ഡാ മക്കളെ..സിത്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിത്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ”, എന്നാണ് വേടൻ പ്രോഗ്രാം വേദിയിൽ പറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെ കാണികൾ അതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
