എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഭജനമിരിക്കാനെതിയതായിരുന്നു തമിഴ്നാട് ശിവഗംഗ കരൈക്കുടി അളകാപുരി സ്വദേശി ശേഖർ.
ഏപ്രിൽ 14 വിഷു ദിനത്തിൽ ക്ഷേത്രപരിസരത്തുനിന്ന് ഭിന്നശേഷിക്കാരണായ മൂത്തമകൻ കൈലാസ് കുമാറിനെ കാണാതായി.
തുടർന്ന് ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പോലീസ് ക്ഷേത്രപരിസരത്തും അടുത്തുള്ള പ്രദേശങ്ങളിലുംമറ്റും അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വീട്ടുകാരും പൊലീസും അന്വേഷണം തുടർന്നു.
കുടുംബത്തിൽനിന്ന് അകന്ന കൈലാസ് തനിക്ക് മുന്നിൽ കണ്ട ബസിൽ കയറി യാത്രയായി. ടിക്കറ്റിന് പണമില്ലാത്തതിനാൽ ബസിൽ നിന്നും ഇറക്കി വിട്ടു.
എന്നാൽ യുവാവ് വീണ്ടും പല തവണ ബസുകളിൽ കയറുകയും പണമില്ലാത്തതിനാൽ വഴിയിൽ ഇറക്കപ്പെടുകയും ചെയ്ത് ഒടുവിൽ ഹാർബർ പോലീസ് പരിസരത്തെത്തി.
റോഡിൽ അലഞ്ഞു നടന്ന യുവാവിൻ്റെ വിവരം നാട്ടുകാർ സ്റ്റേഷനിൽ അറിയിച്ചതിൽ പോലീസ് എത്തി യുവാവിനോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും മാനസിക വൈകല്യമുള്ളയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
തുടർന്ന് യുവാവിനെ പൊലീസ് സുരക്ഷിതമായി കൂനമ്മാവിലെ ഇവാഞ്ചൽ ആശ്രമത്തിലെത്തിച്ചു.
പോലീസ് യുവാവിനെ തിരഞ്ഞുകൊണ്ടുള്ള വിവരം ജില്ലയിലാകമാനം അറിയിച്ചിരുന്നു. മാതാപിതാക്കൾ മാധ്യമങ്ങളുടെ സഹായവും തേടിയിരുന്നു. യുവാവിനെ അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ ഇവാഞ്ചാൽ ആശ്രമത്തിൻ്റെ ഡയറക്ടർ ഡോ. അമൽ ചോറ്റാനിക്കര പോലീസിനെ യുവാവിനെകുറിച്ച് അറിയിക്കുകയും അവർ കൈലാസിൻ്റെ കുടുംബവുമായി ആശ്രമത്തിലെത്തുകയായിരുന്നു.
ആറുദിവസത്തെ വേർപാടിനുശേഷം മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ അമ്മ ഏവർക്കും നന്ദി അറിയിച്ചു. വിഷു ദിനത്തിൽ കാണാതായ യുവാവിനെ ഈസ്റ്റർ ദിനത്തിൽ കണ്ടെത്തി തിരികെ നൽകാനായ സംതൃപ്തിയിലാണ് ചോറ്റാനിക്കര പോലീസ് ഒപ്പം ആശ്രമവും.
