ദളിതരില്‍ വിദ്യാസമ്പന്നരായ വ്യക്തികളിലൂടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനര്‍വ്വിചിന്തനം നടക്കുന്നു ശരണ്‍കുമാര്‍ ലിംബാളെ. സനാതന്‍ എന്ന നോവല്‍ മാതൃഭൂമി ബുക്‌സിനുവേണ്ടി ഡോ.എന്‍.എം സണ്ണി പരിഭാഷപ്പെടുത്തിയിരിക്കുന്നു. നോവലിന് ലിംബാളെ എഴുതിയ ആമുഖക്കുറിപ്പിലാണ് പരാമർശം.
ദളിതരില്‍ വിദ്യാസമ്പന്നരായ വ്യക്തികളിലൂടെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പുനര്‍വ്വിചിന്തനം നടക്കുന്നു. ചരിത്രവും പാരമ്പര്യവും ദളിതരോടു പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്. അവരെ വഞ്ചിച്ചു. മഹാര്‍ജാതിയുടെ വിശ്വാസയോഗ്യമല്ലാത്ത ചരിത്രം രചിക്കപ്പെട്ടു. അതില്‍ അര്‍ദ്ധസത്യങ്ങളേയുള്ളൂ. മഹാര്‍ജാതിയെക്കുറിച്ച് ഞാന്‍ ചിലതു വായിച്ചു.
അതില്‍നിന്നാണ് എനിക്ക് ഈ നോവല്‍ എഴുതാനുള്ള പ്രേരണ ലഭിച്ചത്. ഡോ. ബാബാസാഹിബ് അംബേദ്കര്‍, അലക്സാണ്ടര്‍ റോബര്‍ട്സണ്‍, മഹര്‍ഷി വി.ആര്‍. ഷിന്റെ, ശ്രീ. എം. മാട്ടെ, ശങ്കര്‍ റാവു ഖരാത്, പി.എ. ഗവലി, അനില്‍ കതാരെ, സഞ്ജയ് സോന്‍വണി, രാ.ശെ. സാലുംഖെ, ബലിരാം കാംബലെ, സുധാകര്‍ കാംബെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ വായിക്കുകയുണ്ടായി. ബി.എസ്. ശിന്ദേയുടെ അമൃത്നാക്, സഞ്ജയ് സോന്‍വണിയുടെ പാനിപത് തുടങ്ങിയ നോവലുകള്‍ വായിച്ചതിനുശേഷമാണ് സനാതന്‍ എഴുതണം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ നോവല്‍ മഹാര്‍ജാതിയുടെ ചരിത്രമല്ല. ഇതവരുടെ വര്‍ത്തമാനമാണ്. ബാബാസാഹിബ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിനു ശേഷമാണ് മതശുദ്ധീകരണപ്രക്രിയ ആരംഭിച്ചത്. ഹിന്ദുമതം, അയിത്തജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത അത്രയും നഷ്ടം വരുത്തിവെച്ചു. നാളിതുവരെ അതിന്റെ കണക്കെടുത്തിട്ടില്ല. പിന്നെ എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാനാവുക. ഈ നോവല്‍ ആ നഷ്ടത്തെക്കുറിച്ച് ചിലതു പറയാന്‍ ആഗ്രഹിക്കുന്നു. ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇവിടെ ആയിരക്കണക്കിനാളുകള്‍ നൂറ്റാണ്ടുകളായി, ദാരിദ്ര്യത്തിലും അജ്ഞതയിലും പിടയുകയാണ്. അവരുടെ ദാരിദ്ര്യത്തിന്റെ കണക്കെടുക്കണം. അടിത്തട്ടുവരെ പരിശോധിക്കണം. അധികകാലം അവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ നോവല്‍ അതിലേക്കാണ് വെളിച്ചംവീശുന്നതെന്ന് അദ്ദേഹം പറയുന്നു,
