സംഗീതത്തിന്റേയും നൃത്തത്തിന്റേയും ചക്രവർത്തി ജാക്സൺ വിടപറഞ്ഞിട്ട് 16 വർഷം 2009 ജൂൺ 25 ന് മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിട പറയുമ്പോൾ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്‍റെ ആ മൂണ്‍ വാക്കുകള്‍ അവസാനിക്കുന്നില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി അന്നും ഇന്നും സിരകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി
തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ. ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി .
അഞ്ചു സഹോദരരുടെ പോപ്പ് സംഘമായ ജാക്‌സൻസ് ഫൈവ് മോടൊൺ എന്ന പ്രശസ്‌ത റെക്കോർഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോല്‍ പ്രധാനഗായകനായ മൈക്കൽ ജാക്‌സനു പ്രായം 9 വയസ്. ജാക്‌സൻ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ മൈക്കൽ ജാക്‌സന്‍റെതായി മാറി. അപ്പോഴേക്കും ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സൻ. 1969ൽ അമേരിക്കയിൽ ഇറങ്ങിയ മികച്ച പത്ത് പോപ് ഗാനങ്ങളിൽ നാലും മൈക്കലിന്റേതായിരുന്നു. സംഗീതലോകത്തിലാദ്യമായി, ഒരു പതിനൊന്നുകാരൻ കൈവരിച്ച ഏറ്റവും വലിയ നേട്ടം. പിൽക്കാലത്ത് ‘ആർട്ടിസ്‌റ്റ് ഓഫ് ദ് മിലേനിയം’ വരെ നേടാനിരിക്കുന്ന ഒരാൾക്കു കിട്ടിയ ആദ്യ പുരസ്‌കാരം. മൈക്കിള്‍ ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിർത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ
ജാക്സനിലേക്ക് കൂടുകൂട്ടി. സംഗീതത്തിന്‍റെ മറുപേരായി മാറിയിരുന്ന ബീറ്റിൽസിനെ പോലും കടത്തിവെട്ടി ജാക്സന്‍റെ ഈണങ്ങൾ . നൃത്തവും പാട്ടുമായി അലിഞ്ഞു ചേർന്ന് പോപ്സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകര്ക്ക് അയാള്‍ ലഹരിയായി. സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.
