ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്ത സംഭവത്തില്‍ കോടതിയില്‍ ഉപ്പുതറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കിഴുകാനം മുന്‍ സെക്ഷന്‍ ഫോറസ്റ്റര്‍ ടി. അനില്‍കുമാര്‍, ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് (ഡിഎഫ്ഒ) ബി.രാഹുല്‍ ഉള്‍പ്പെടെ വനംവകുപ്പിലെ 13 ഉദ്യോഗസ്ഥരാണ് പ്രതികള്‍. അനില്‍കുമാറാണ് ഒന്നാംപ്രതി. ബി.രാഹുല്‍ 11-ാം പ്രതിയാണ്.
2022 സെപ്റ്റംബര്‍ 20-നാണ് സംഭവം. സരുണിന്റെ ഓട്ടോറിക്ഷയില്‍നിന്ന് കാട്ടിറച്ചി പിടിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ സ്ഥലത്തില്ലാതിരുന്ന സരുണിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും ആക്ഷേപം വന്നു.
10 ദിവസം കഴിഞ്ഞാണ് സരുണിന് ജാമ്യം കിട്ടിയത്. സരുണ്‍, കേരള ഉള്ളാട മഹാസഭയുടെ സഹായത്തോടെ പോരാട്ടം തുടങ്ങി. ഗോത്രവര്‍ഗ-മനുഷ്യാവകാശ കമ്മിഷനുകളും വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ ഉത്തരവുപ്രകാരം വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണത്തില്‍, കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി.
