കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്. സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗണ്‍സിലും പഠിച്ച് തിരുത്തുകയാണ് ചെയ്യേണ്ടതെന്നും പാദഭാഗവുമായി മുന്നോട്ട് പോകുമെന്നും എം എസ് അജിത് പറഞ്ഞു.
പുറത്ത് നിന്ന് ഒരാള്‍ക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ലെന്നും വൈസ് ചാന്‍സലര്‍ അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോര്‍ഡിന്റേതെന്നും അജിത് പറഞ്ഞു.
സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.
