കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. മോശം കമൻ്റുകളും മേസേജുകളുമായി വന്നവയുടെ സ്ക്രീൻഷോട്ടുകൾ വിനായകൻ ഫേസ്ബുക്ക് പോസ്റ്റുകളായി പങ്കുവെച്ചു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ നടൻ മുൻപ് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഇന്നലെ എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിൽ നടത്തിയ പ്രാദേശിക അനുശോചന യോഗത്തിൽ വിനായകൻ പങ്കെടുത്തിരുന്നു. വിനായകൻ വിഎസിന് അന്ത്യോപചാരമർപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി മരണപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ വിനായകന്‍ പങ്കുവെച്ച വീഡിയോയിലെ പരാമര്‍ശമായിരുന്നു വിവാദമായത്. ‘ആരാണ് ഉമ്മന്‍ ചാണ്ടി. എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ. പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി ചത്തു. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. എന്റെ അച്ഛന്‍ ചത്തു. നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലെ ഇയാള്‍ ആരാണെന്ന്’ എന്നായിരുന്നു വിനായകന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നു. വിനായകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബം പിന്തുണച്ചിരുന്നില്ല.
