അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ഭരണഘടന ശില്പി ഡോ.അംബേദ്കറുടെ പ്രതിമ പൊളിച്ചുമാറ്റി പുനസ്ഥാപിക്കാത്തതിലും പ്രതിമയെ അവഹേളിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് കവർ വച്ച് മൂടി വൃത്തിഹീനമായ സ്ഥലത്ത് വച്ചതിലും പ്രതിഷേധിച്ച് ബി.എസ്.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പൊലീസ് പഞ്ചായത്ത് ഗേറ്റിനു മുമ്പിൽ തടഞ്ഞു.
അഞ്ച് വർഷം മുൻപാണ് വലിയ തുക ചിലവഴിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ മഹാത്മ ഗാന്ധിയുടെയും ഡോ.അംബേദ്ക്കറുടെയും പ്രതിമ സ്ഥാപിച്ചത്. ഇതിൽ ഡോ.അംബേദ്ക്കറുടെ പ്രതിമയാണ് നീക്കം ചെയ്തത്. പുതിയ കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
എന്നാൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പ്രതിമ മാറ്റി സ്ഥാപിക്കാതെ പൊളിച്ചുമാറ്റി വൃത്തിഹീനമായ സ്ഥലത്ത് പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടിവച്ചിരിക്കുകയാണ്.
