ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. മലയാളി ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നികൽ കമ്മിറ്റി നിർദേശിച്ച മൂന്ന് പേരുകളിൽ നിന്നാണ് ഐ.എസ്.എൽ ക്ലബ് ജംഷെഡ്പൂർ എഫ്സി കോച്ച് കൂടിയായ ഖാലിദ് ജമീലിനെ കോച്ചായി തെരഞ്ഞെടുത്തത്.
13 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ദേശീയ ടീം പരിശീലകനാവുന്നത്. 2011-12ൽ സാവിയോ മെദിരയായിരുന്നു അവസാനമായി നീലക്കുപ്പായക്കാരുടെ കോച്ചായ ഇന്ത്യക്കാരൻ. സ്ഥാനമൊഴിഞ്ഞ മനോലോ മാർക്വസിന്റെ പകരക്കാരനായാണ് ഖാലിദ് ജമീൽ കോച്ചായി എത്തുന്നത്.
കുവൈത്തിൽ ജനിച്ചു വളർന്ന് ഇന്ത്യൻ കുപ്പായത്തിൽ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷം പരിശീലക കുപ്പായത്തിലെത്തിയ ഖാലിദ് ജമീൽ ഐ ലീഗിൽ കിരീട വിജയവും ഐ.എസ്.എല്ലിലെ മികച്ച റെക്കോഡുകളുമായാണ് ദേശീയ ടീമിന്റെ പരിശീലകനായി മാറുന്നത്.
