കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കുരുക്ക് മുറുകിയതോടെ, മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു.
ഒരു സ്ത്രീയുടെ നേതൃത്വത്തിൽ സംഘം തനിക്കെതിരെ പ്രവർത്തിക്കുന്നു. കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമമെന്നാണ് പരാതി. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും ജാമ്യാപേക്ഷയിലുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനായി വേടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണച്ചുമതല തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്ക് കൈമാറി.
വേടനുമായി യുവതി നടത്തിയ 31,000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ, അതിന്റെ ജി-പേ വിവരങ്ങൾ അടക്കം പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം, വേടനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
വിവാഹ വാഗ്ദാനം നൽകി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷമാകും വേടന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.
