തിരുവനന്തപുരം: പ്രമുഖ മനുഷ്യാവകാശ, ദളിത് ആദിവാസി അവകാശ, പരിസ്ഥിതി പ്രവര്‍ത്തകനായ വി ബി അജയകുമാര്‍അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതൽ 4 വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ നടക്കും.
ദളിത് ആദിവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്സ് (RIGHTS) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു. 2018ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള അജയ് കുമാര്‍ കാലാവസ്ഥ വ്യതിയാനം ചര്‍ച്ച ചെയ്ത കോപ് 26, കോപ് 29 സമ്മേളനങ്ങളില്‍ പങ്കെടുത്തു പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച അടിത്തട്ട് വീക്ഷണങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. യുണൈറ്റഡ് നാഷന്‍സ് ഫോറം ഓണ്‍ ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് 2024 സെപ്റ്റംബറില്‍ ബാങ്കോക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിച്ചു. യുണൈറ്റഡ് നാഷന്‍സ് എന്‍വിയോണ്‍മെന്റ് ഒക്ടോബര്‍ 2023ഇല്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഫോറം ഓഫ് മിനിസ്‌റ്റേഴ്‌സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് അതോറിറ്റീസ് ഓഫ് ഏഷ്യ പസിഫികില്‍ പ്രഭാഷകനായിരുന്നു.
