ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി പരന്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലീഷ് പടയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകർത്തെറിയുകയായിരുന്നു.
5 വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജും 4 വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 367 റൺസിനാണ് ഇന്ത്യ ഓൾഔട്ടാക്കിയത്. വിജയത്തോടെ പരമ്പര 2–2ന് സമനിലയിലാക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. വിജയത്തോടെ ക്യാപ്റ്റൻ ശുഭ്‌മന്‍ ഗിൽ ചരിത്രം സൃഷ്ടിച്ചു.
ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനായി താരം മാറി. നേരത്തെ, 2021 ൽ വിരാട് കോലിയും 1971 ൽ അജിത് വഡേക്കറും ഇവിടെ മത്സരം ജയിച്ചിരുന്നു. മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
