കോട്ടയം : സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം അദ്ദേഹത്തിൻ്റെ ഫ്യൂഡൽ വരേണ്യ മനോഭാവം വെളിപ്പെടുത്തുന്നതാണന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ നടക്കുന്ന ജനാധിപത്യവത്കരണത്തിലും അതിൻ്റെ പ്രതിഫലനങ്ങളിലുമുള്ള അസഹിഷ്ണുതയും വിഭ്രാന്തിയുമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
മൂല്യമുള്ള സിനിമയെയും കഴിവുള്ള സംവിധായകരെയുമാണ് സിനിമ നിർമ്മാണ ധനസഹായത്തിന് സർക്കാർ തെരെഞ്ഞെടുത്തിട്ടുള്ളത്. ആ നയം തുടരുമെന്ന അഭിപ്രായത്തിനപ്പുറം അടൂർ ഗോപാലകൃഷ്ണൻ്റെ നിലപാടിനെ തള്ളിപ്പറയാൻ വേദിയിലുണ്ടായിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി തയ്യാറായില്ല. ഇതിനോടകം സർക്കാർ അനുകൂല ജനപ്രതിനിധികളും മന്ത്രിമാരും നടത്തിയിട്ടുള്ള പ്രതികരണങ്ങൾ വ്യത്യസ്തങ്ങളാണ്.
സിനിമ മേഖലയിൽ ഉയർന്നു വന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള കോൺക്ലേവിനെ വിവാദ പരാമർശത്തിലൂടെ പ്രതിസന്ധിയിലാക്കിയ അടൂർ ഗോപാലകൃഷ്ണൻ്റെ നിലപാടിനെ പൂർണ്ണമായി തള്ളിപ്പറയാൻ സർക്കാർ മുതിരാത്തത് ആശങ്ക ഉളവാക്കുന്നതാണ്.
വിവാദ പരാമർശത്തെ എതിർത്ത ഗായിക പുഷ്പവതിയെ നിരാകരിക്കുക വഴി പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അടൂർ ഗോപാലകൃഷ്ണന് പ്രതിഭയുടെ ആനുകൂല്യം നൽകണമെന്ന വാദം നിലനിൽക്കാത്തതും വിവാദത്തിലൂടെ താൻ കൈവരിച്ച നേട്ടങ്ങളുടെ മഹത്വം സ്വയം ഹനിക്കുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
