Connect with us

Hi, what are you looking for?

Kerala

ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവ്വഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികൾ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിർണ്ണയിക്കുന്നതിനനുസരിച്ച് നാടിനെ വാർത്തെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.

മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, ഓരോ പൗരന്റെയും അവകാശത്തെക്കുറിച്ചുള്ള അവബോധം, ദുർബ്ബലരായ മനുഷ്യരോടുള്ള അനുതാപം, ഏതു പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ ഉണ്ടാവണം. അപ്പോഴാണ് മികച്ച ഉദ്യോഗസ്ഥരാകുന്നത്. അതാണ് യുവ ഉദ്യോഗസ്ഥരായ നിങ്ങൾ ഓരോരുത്തരിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്. വായനയിലൂടെയുള്ള അറിവു മാത്രമല്ല, ധാരാളം പ്രായോഗിക അറിവുകളും നേടിയെടുക്കണം. അതിനുതകുന്ന ഗവേഷണ ബുദ്ധിയോടെയും സേവന മനോഭാവത്തോടെയും മുന്നേറണം. മതനിരപേക്ഷമാവണം നിങ്ങളുടെ മനോഭാവങ്ങൾ. മതനിരപേക്ഷത എന്നത് കേവലമൊരു രാഷ്ട്രീയ പരികല്പനയല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കുമ്പോൾ നിങ്ങൾ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് എന്ന കൃത്യമായ ബോധ്യമുണ്ടാവണം. നിങ്ങളുടെ സേവനത്തിന്റെ ഏറ്റവും വലിയ അംഗീകാരവും പാരിതോഷികവും നിങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരന്റെ സന്തോഷമായിരിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൂടുതൽ മലയാളികൾ സിവിൽ സർവീസ് പരീക്ഷ എഴുതുന്ന രീതി കുറച്ച് വർഷങ്ങളായി കണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രവണതയാണ്. സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിലൂടെത്തന്നെ നിരവധി പേർ ഈ പരീക്ഷയിലേക്കെത്തുന്നു. അവരിൽ പലരും ഉന്നത വിജയം കരസ്ഥമാക്കുന്നുമുണ്ട്. അത്തരത്തിൽ അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. 2005 ൽ ഈ സ്ഥാപനം തുടങ്ങിയ ആദ്യ വർഷം സിവിൽ സർവീസ് വിജയികളുടെ എണ്ണം 8 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 43 ൽ എത്തിനിൽക്കുന്നു. ഏറ്റവും ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന മലയാളികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിനാകെയും സിവിൽ സർവീസ് അക്കാദമിക്ക് വിശേഷിച്ചും അഭിമാനം നൽകുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിയിൽ പ്രവേശനം അനുവദിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കും സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിശാലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം അക്കാദമിക്കായി പണികഴിപ്പിച്ചിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങളും വിപുലമായ ഒരു ലൈബ്രറിയും ഇപ്പോൾ അവിടെയുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകളും മാതൃകാ അഭിമുഖങ്ങളും അക്കാദമി നടത്തിവരുന്നുണ്ട്. വിദ്യാർത്ഥികൾക്കു മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം കൂടിയാണ് നമ്മുടെ കുട്ടികൾ നേടുന്ന തിളക്കമാർന്ന വിജയം. സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പ്രിലിമിനറി, മെയിൻ കോഴ്സ് പരിശീലനത്തിനുവേണ്ടി മാത്രമാണ് ഫീസ് ഈടാക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്കു സൗജന്യ പരിശീലനം നൽകുന്നുണ്ട്. ഇതിനായി പ്രത്യേക അഡോപ്ഷൻ സ്‌കീം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവ്വീസ് അഭിമുഖത്തിനായുള്ള യാത്രയും താമസ സൗകര്യവും സർക്കാർ സൗജന്യമായി ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമൂഹത്തെ പുനസൃഷ്ടിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. സാധാരണക്കാരെ മുൻനിർത്തിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ പഠിച്ച് സിവിൽ സർവീസ് പരീക്ഷയിലും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും ഉന്നത വിജയം നേടിയ 45 പേർക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...