ഗസ്സയില്‍ പട്ടിണി രൂക്ഷമാകുന്നു. ഭക്ഷണം കിട്ടാതെ മരിച്ചവർ 227 ആയി. ഇതില്‍ നൂറിലേറെയും കുട്ടികളാണ്.
വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും ക്ഷാമമുണ്ട്. ഭക്ഷണം തേടിയെത്തിയ 28 പേര്‍ ഇന്നലെ ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.
കരമാര്‍ഗം കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ പട്ടിണിമരണം വ്യാപിക്കുമെന്ന് യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. റഫ ഉള്‍പ്പടെ അതിര്‍ത്തികള്‍ വഴിയുള്ള സഹായ വിതരണത്തിന് കര്‍ശന നിയന്ത്രണം തുടരാന്‍ തന്നെയാണ് ഇസ്രാഈല്‍ തീരുമാനം.
ഗസ്സ നഗരം പൂര്‍ണമായി കീഴ്‌പ്പെടുത്താന്‍ ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതോടെ ഇസ്രാഈല്‍ നടപടികള്‍ ശക്തമാക്കി. അതേസമയം സൈനികമായി ഗസ്സയെ കീഴ്‌പ്പെടുത്തുക എളുപ്പമല്ലെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ നിലപാട്.
ഇസ്രാഈലിന്റെ ഗസ്സ പദ്ധതിക്കെതിരെ വിവിധ യൂറോപ്യന്‍, അറബ് രാജ്യങ്ങള്‍ രംഗത്തുവന്നു. ഇസ്രാഈല്‍ പദ്ധതി കൂട്ട സിവിലിയന്‍ കുരുതിക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി യു.എന്നും ലോക രാജ്യങ്ങളും രംഗത്തെത്തി.
