കൽപ്പറ്റ: മുത്തങ്ങയിലെ പൊലീസ് മർദനത്തിൽ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ജാനു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ല.
കുടിൽകെട്ടിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പൊലീസിന് നീക്കാമായിരുന്നു. അറസ്റ്റ് വരിക്കാൻ ആളുകൾ തയാറായിരുന്നു. മുത്തങ്ങ വിഷയത്തിൽ ആന്‍റണി സർക്കാരും മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. കോടതിയിൽ റെക്കോഡ് കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, വനമാക്കണമെന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പേപ്പറിൽ നൽകിയ അപേക്ഷ മാത്രമാണ് വനം വകുപ്പ് ഹാജരാക്കിയത്. മുത്തങ്ങയിലേത് ബിർളക്ക് യൂക്കാലി കൃഷി ചെയ്യാൻ കൊടുത്ത പാട്ടഭൂമിയായിരുന്നു. മുത്തങ്ങയിലുള്ള 12,000 ഏക്കർ ഭൂമിയിൽ 6000 ഏക്കർ ഭൂമി ആദിവാസികൾക്ക് നൽകാമായിരുന്നു. നിലവിലും വനഭൂമിയായി വിജ്ഞാപനം നടത്തിയിട്ടില്ലെന്നും സി.കെ. ജാനു പറഞ്ഞു.
