കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കൊച്ചിയിൽ പന്തുതട്ടിയേക്കും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നേരത്തേ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്.
ക്രിക്കറ്റ് സ്‌റ്റേഡിയമായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ ഫുട്ബോൾ മത്സരത്തിന് സജ്ജമാക്കുന്നത് എളുപ്പമല്ല. തുടർന്നാണ് ഐഎസ്എൽ മത്സരങ്ങൾ നടത്തുന്ന കൊച്ചിയെ കേരളം കാത്തിരിക്കുന്ന കളിക്കായി തെരഞ്ഞെടുത്തത്.
നവംബർ 15നും 18നും ഇടയിലായിരിക്കും അർജൻ്റീന എത്തുന്നത്. 16നും 17നുമാണ് കളി ആലോചിക്കുന്നത്. ഓസ്ട്രേലിയ ആയിരിക്കും എതിരാളി. രണ്ട് കളി നടത്താനുള്ള ചർചയാണ് നടക്കുന്നത്. അർജൻ്റീനക്കും ഓസ്ട്രേലിയക്കും പുറമെ ഒരു ടീം കൂടി കളിക്കാനുള്ള സാധ്യത ചർച ചെയ്യുന്നു. കൊച്ചിയിലെ സ്‌റ്റേഡിയം മത്സരത്തിന് സജ്ജമാക്കാൻ ജിസിഡിഎയും സർക്കാരും ആലോചന നടക്കുന്നു.
2022 ഖത്തർ ലോകകപ്പിൽ അർജന്റീന ചാമ്പ്യൻമാരായതിന് പിന്നാലെയാണ് കേരള സന്ദർശനമെന്ന ആശയമുദിച്ചത്. കിരീടനേട്ടത്തിൽ ലോകമെങ്ങുമുള്ള ആരാധകർക്ക് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ(എഎഫ്‌എ) നന്ദി അറിയിച്ചിരുന്നു.
