നാളെ പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് മല അരയ മഹാസഭ. സമ്മേളനത്തിൽ സമുദായത്തിൻ്റെ പ്രതിനിധികളാരും പങ്കെടുക്കില്ലെന്ന് ജനറൽ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു.
കഴിഞ്ഞ 75 വർഷമായി ശബരിമലയുൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ പരമ്പരാഗത ആചാരങ്ങൾ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതിനാൽ ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മലയരയ മഹാസഭ അറിയിച്ചു.
നേരത്തെ മലയരയ മഹാസഭയെ അനുനയിപ്പിക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. സംഘടന അയ്യപ്പ ഭക്ത സംഗമത്തിൽ നിന്നും വിട്ട് നിൽക്കരുതെന്നും, സംഗമത്തിൽ പങ്കെടുക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി വി എൻ വാസവൻ സഭയ്ക്ക് കത്തു നൽകിയിരുന്നു, തുടർന്ന് കേവലം കാഴ്ചക്കരായി സംഗമത്തിൽ പങ്കെടുക്കില്ലെന്ന് മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് വ്യക്തമാക്കിയിരുന്നു.
