പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ജിഎസ്ടി നിരക്കിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരികയാണ്. 4 സ്ലാബുകളായി നിന്ന ജിഎസ്ടിയെ രണ്ട് സ്ലാബുകളാക്കി മാറ്റി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നൽകുന്ന നീക്കത്തിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മാത്രമല്ല, സ്വാതന്ത്ര്യദിന സന്ദേശത്തിൽ, ദീപാവലിക്ക് മുൻപ് ഒരു ദീപാവലി സമ്മാനമായി ഒരു പ്രധാനപ്പെട്ട തീരുമാനം വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി മാറ്റത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നുള്ള സൂചന പുറത്തുവരുന്നുണ്ട്.
2014ൽ അധികാരം ഏറ്റെടുത്തശേഷം പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. 2016 നവംബർ 8ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. 2019ൽ മാർച്ച് 12ന് പുൽവാമ തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള നടപടികൾ വിശദീകരിക്കാനാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. 2020 മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കാനും. 2025 മേയ് 12ന് ഓപ്പറേഷന് സിന്ദൂറിന്റെ കാര്യങ്ങൾ വിശദീകരിക്കാനാണ് അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തതത്.
