മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കണമെന്ന നിലപാട് തിരുത്തി സി.പി.ഐ. ഇതുസംബന്ധിച്ച ഭേദഗതി പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. സാമ്പത്തിക അവസ്ഥ സംവരണവുമായി കൂട്ടിക്കുഴക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും സംവരണം വേണമെന്ന വരി പാര്‍ട്ടി നയത്തില്‍ നിന്ന് സി.പി.ഐ എടുത്തുകളഞ്ഞു. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സി.പി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകുന്നതിന് ജനറൽ സെക്രട്ടറി ഡി. രാജ അടക്കം മുതിർന്ന നേതാക്കൾ എതിരാണ്. പാർട്ടി ഈ നയം തിരുത്തണമെന്ന കാഴ്ചപ്പാട് കേരളത്തിൽനിന്ന് വി.എസ്. സുനിൽകുമാർ പാർട്ടി കോൺഗ്രസിൽ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
ഭൂരിപക്ഷം നേതാക്കളുടെ വികാരവും അതുതന്നെ. സാമ്പത്തിക സംവരണത്തിന് അനുകൂലമായ സി.പി.എം നിലപാടിനു ചുവടുപിടിച്ച് 2015ലെ പുതുച്ചേരി പാർട്ടി കോൺഗ്രസിലാണ് ഈ നയം സി.പി.ഐ അംഗീകരിച്ചത്. എന്നാൽ, പാർട്ടിയുടെ അടിസ്ഥാന നയത്തിനുതന്നെ എതിരാണ് ഈ നിലപാടെന്ന് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു.
