ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ ത്രില്ലർ വിജയം സ്വന്തമാക്കി ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ലങ്ക വിറപ്പിച്ച് കീഴടങ്ങിയത്.
ഈ ഏഷ്യാകപ്പിലെ ഏറ്റവുമുയർന്ന സ്കോറായ 202 റൺസ് ഉയർത്തിയ ഇന്ത്യക്കെതിരെ ലങ്ക നടത്തിയത് തീപാറും പോരാട്ടം. 58 പന്തിൽ 107 റൺസുമായി പാതും നിസാങ്ക നടത്തിയ പോരാട്ടത്തിന്റെ മിടുക്കിൽ ലങ്ക പൊരുതിയപ്പോൾ മത്സരം കലാശിച്ചത് ടൈയിൽ. ഏഴ് ബൗണ്ടറിയും ആറ് സിക്സറുമടക്കമായിരുന്നു നിസാങ്കയുടെ സെഞ്ച്വറി.
അവസാന രണ്ടോവറിൽ 23 റൺസാണ് ലങ്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ 11 റൺസ് അടിച്ചെടുത്തതോടെ അവസാന ഓവറിലെ ലക്ഷ്യം 12 റൺസായി മാറി. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയെ പ്രതിരോധത്തിലാക്കി. എന്നാൽ ഷാനക സ്കോർ കണ്ടെത്തിയതോടെ അവസാനപന്തിൽ വിജയലക്ഷ്യം മൂന്ന് റൺസായി കുറഞ്ഞു. അവസാനപന്തിൽ ഡബിളോടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു.
സൂപ്പർ ഓവറിൽ ഇന്ത്യക്കായി അർഷ്ദീപ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ലങ്കക്ക് കുറിക്കാനായത് രണ്ട് റൺസ് മാത്രം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആദ്യപന്തിൽ ലക്ഷ്യം മറികടന്നു.
