കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിൽ നൽകിയ ഹർജിയിൽ ദുൽഖർ സൽമാൻ വ്യക്തമാക്കി.
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ നാല് വാഹനങ്ങളാണ് കസ്റ്റംസ് സംശയനിഴലിൽ നിർത്തിയിരിക്കുന്നത്. അതിൽ ഒരു ലാൻഡ് റോവർ ഡിഫൻഡർ വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത് എന്നും എന്തു താൽപര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല എന്നും ദുൽഖർ ഹർജിയിൽ പറയുന്നു.വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതെ സമയം അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
