ലോകത്താകെ 10 പേർ, ഏക ഇന്ത്യക്കാരി
തൃപ്പൂണിത്തുറ സ്വദേശിനി ഡോ. മാളവിക ബിന്നി ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നു ഒരു കോടി രൂപയുടെ ഇൻഹെറിറ്റ് ഫെലോഷിപ്പ് കരസ്ഥമാക്കി. കണ്ണൂർ സർവകലാശാലയിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായ മാളവിക കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയുടെ 2026-2027 ലെ ഇൻഹെറിറ്റ് ഫെലോ ആയി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഏക വ്യക്തിയാണ്.
ആഗോളതലത്തിൽ പത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഈ ഫെലോഷിപ്പിനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
വിഷയത്തിലേക്ക് എത്തിയത്ജാതിയും ഭൗതികതയും പൈതൃകവും തമ്മിലുള്ള ബന്ധത്തെ ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് എന്ന നൂതന അക്കാദമിക സമീപനത്തിലൂടെ വിശകലനം ചെയ്യുന്നതിനാണ് ഫെലോഷിപ്പ്. ഭൗതിക വസ്തുക്കൾ ജാതീയതയുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ഇന്നോളം ആഴത്തിലുള്ള പഠനങ്ങൾ നടക്കാത്ത മേഖലയാണ്. ജാതി-മത ചിഹ്നങ്ങൾക്കപ്പുറം നിത്യജീവിതത്തിൽ നാം കാണുന്ന പല വസ്തുക്കൾക്കും ജാതീയതയുമായി ബന്ധപ്പെട്ട ചരിത്രം ഉണ്ടെന്നതാണ് വാസ്തവം. ഇതിലേക്ക് വെളിച്ചം വീശുക എന്നതാണ് പഠനത്തിലൂടെ മാളവിക ലക്ഷ്യമാക്കുന്നത്. അംബേദ്കർ ദർശനങ്ങളും പഠനങ്ങളുമാണ് ഗവേഷണവഴിയിൽ എന്നും പ്രചോദനമായതെന്ന് മാളവിക പറയുന്നു. അദ്ദേഹം സ്വായത്തമാക്കിയ അറിവിന്റെ പത്തിൽ ഒന്നെങ്കിലും സ്വന്തം ജീവിതത്തിലൂടെ നേടാനും പകർന്നു നൽകാനുമാവുക എന്നതാണ് മാളവികയുടെ ലക്ഷ്യം.
ഗവേഷണത്തിന്റെ ഫീൽഡ് വർക്ക് പ്രധാനമായും ഇന്ത്യയിൽ തന്നെയാവും നടക്കുന്നത്. സൈദ്ധാന്തികതലത്തിൽ വിദേശ സിദ്ധാന്തങ്ങളെയും ഉൾക്കൊള്ളിക്കുന്നു. 11 മാസമാണ് ഗവേഷണകാലയളവ്.
‘ഗോഡസസ് ഓഫ് സൗത്ത് ഏഷ്യ; ട്രഡീഷൻസ് ആൻഡ് ട്രാൻസ്ഫോർമേഷൻസ്’ എന്ന കൃതിയുടെ സഹ എഡിറ്ററും പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘പോളിഫോണിക് ആയുർവേദ’ എന്ന കൃതിയുടെ രചയിതാവുമാണ് മാളവിക. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ പിഎച്ച്ഡി പഠനത്തിനിടെ വിസിറ്റിംങ് പിഎച്ച്ഡിക്ക് ഇറാസ്മസ് മുണ്ടസ് ഫെലോഷിപ്പും കേരള ഹിസ്റ്ററി കോൺഗ്രസ് ഏർപ്പെടുത്തിയ ഇളംകുളം കുഞ്ഞൻ പിള്ള യംങ് ഹിസ്റ്റോറിയൻ അവാർഡും നേടിയിട്ടുണ്ട്. കേരള ഹിസ്റ്ററി കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗവുമാണ്. മാന്നാനം കെഇ കോളജിലെ ചരിത്രവിഭാഗം അധ്യാപകനായ ടിന്റു ജോസഫാണ് ഭർത്താവ്.
