ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ല. ടീമിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് വിദേശകാര്യ മന്ത്രാലയം. ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു. 20 മിനിറ്റുമാത്രമാണ് യോഗം നീണ്ടുനിന്നത്. ഹൈബ്രിഡായി ടൂര്‍ണമെന്റ് നടത്തുന്നതിനെതിരായ നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കുകയാണ്.
15 ആംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, അനൗപചാരികമായ ചര്‍ച്ചകള്‍ മാത്രം നടത്തി യോഗം അവസാനിപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്താനില്‍ നടത്തണമെന്ന നിലപാട് കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ അറിയിച്ചതായി വിവരമുണ്ടായിരുന്നു.
ഈ ആഴ്ച ആദ്യം ഇസ്ലാമാബാദില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭം കാരണം ശ്രീലങ്ക എ ടീമിന് പാക്കിസ്ഥാനിലെ പര്യടനം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാക്കിസ്ഥാന് എന്ത് സുരക്ഷ ഉറപ്പാക്കാനാകുമെന്ന ചോദ്യം ഉയരുന്നത്.