മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച പരിഗണിക്കും. ഒക്ടോബറിൽ പ്രാരംഭവാദം തുടങ്ങാനിരിക്കുകയായിരുന്നു. എന്നാൽ, ഹൈക്കോടതി നിർദേശപ്രകാരം പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് പ്രതിഭാഗം ആ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചു.
രേഖകൾ നേരത്തേ നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. രേഖകളെല്ലാം കൃത്യമായി നൽകിയിട്ടുണ്ടെന്ന് നിരീക്ഷിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നതും അപേക്ഷ തീർപ്പാക്കുന്നതും ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി.